2011, ജൂൺ 10, വെള്ളിയാഴ്‌ച

നിങ്ങള്‍ക്കറിയാമോ???

നമ്മള്‍ കമ്പ്യൂട്ടറില്‍ ഫയലുകള്‍ സൂക്ഷിക്കുന്നത് ഫോള്‍ഡറുകളില്‍ ആണല്ലോ..  Windows Operating System ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?
എങ്കില്‍ "CON" എന്ന പേരില്‍ ഒരു Folder ഉണ്ടാക്കാന്‍ ശ്രമിച്ച് നോക്കൂ..
.

.

.
കഴിയുന്നില്ല അല്ലേ..? :)
അങ്ങനെ ഒരു പേരില്‍ ഫോള്‍ഡര്‍ നിര്‍മ്മിക്കാന്‍ സാധ്യമല്ല. .  കാരണം MS- DOSല്‍ ഉപയോഗിച്ചിരുന്ന "console" എന്നതിന്റെ ചുരുക്കരൂപമാണ് CON. ഇത്തരം പദങ്ങള്‍ ചില പ്രത്യേക task നടത്തുവനായ് ഉപയോഗിച്ചവയാണ്. അതിനാല്‍ ആ പേരില്‍ ഫോള്‍ഡര്‍ നിര്‍മ്മിക്കാന്‍ സാധിക്കില്ല.
CON പോലെ വേറെയും വാക്കുകള്‍ ഉണ്ട്.
COM1, COM2, LPT1, LPT2 ഇതു കൂടി പരീക്ഷിച്ച് നോക്കൂ.. ;)

2011, ജൂൺ 9, വ്യാഴാഴ്‌ച

ആരാണ് നന്ദിത.????!!!!

മുക്കെല്ലാം സുപരിചിതമായ പേരാണ് നന്ദിത. പ്രണയത്തിന് അതിശക്തമായ കാവ്യഭാഷ പകര്‍ന്ന് നല്‍കിയ കലാകാരി. പ്രണയവും വിരഹവും ഇത്രയേറെ മനോഹാരിതകൈവരിക്കുക തികച്ചും അസാധ്യം. പ്രണയത്തെയും മരണത്തെയും സ്നേഹിച്ച കൂട്ടുകാരി. മരണത്തിന്റെ വഴിയിലേക്ക് നന്ദിത നടന്നകന്നിട്ട് 12 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.  നന്ദിതയുടെ കവിതകള്‍ കുറെ മുന്‍പ് തന്നെ പരിചയപ്പെടാന്‍ സാധിച്ചെങ്കിലും രചയിതാവിനെ കുറിച്ച് തിരഞ്ഞപ്പോള്‍ പല ഏടുകാളായ് ചിതറിയ വിവരങ്ങളാണ് ലഭിച്ചത്. അവയെല്ലാം ഒരു നൂലില്‍ ചേര്‍ത്തുവെക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ ഇവിടെ.
1969 മെയ് 12ന് വയനാട് ജില്ലയിലാണ് നന്ദിത ജനിച്ചത്. നന്ദിതയുടെ കുട്ടിക്കാലത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെയില്ല. ഒരു മനുഷ്യന്റെ ജീവിതത്തിലെ മനോഹരദിനങ്ങള്‍ അയാളുടെ കലാലയജീവിതത്തിലായിരിക്കും. നന്ദിതയുടെ കഥ അവിടെ നിന്ന് ആരംഭിക്കുന്നു. പ്രീ-ഡിഗ്രിക്ക് ശേഷമാണ് നന്ദിത ഒരു സാധാരണ പെണ്‍കുട്ടിയില്‍ നിന്നും മാറിത്തുടങ്ങിയത്. കലാലയ ജീവിതം മുഴുവന്‍ ഹോസ്റ്റലിന്റെ നാല് ചുവരുകള്‍ക്കുള്ളിലയിരുന്നു. ആരോടും സംസാരിക്കതെ കൂട്ടുകൂടാതെ തന്റേതായ ലോകത്തിലേക്ക് നന്ദിത നീങ്ങിതുടങ്ങിയിരുന്നു. നന്ദിതയെ കുറിച്ച് അതേ കോളേജില്‍ ഉണ്ടായിരുന്ന വ്യക്തി ഓര്‍മിക്കുന്നത് ഇവിടെ  വായിക്കാം.
നന്ദിതയ്ക്ക് “ബൈപോളാര്‍ അഫക്ടീവ് ഡിസോര്‍ഡര്‍” (Bipolar Affective Disorder) എന്ന മാനസികരോഗമായിരുന്നുവെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ റിസര്‍ച്ച് മെഡിക്കല്‍ ഓഫീസര്‍ ആയ ഡോ. കെ. ബൈജു ഒരു ലേഖനത്തില്‍ വ്യക്തമാക്കുകയുണ്ടായി. ഉന്മാദം(Mania), വിഷാദം (Depression) എന്നീ അവസ്ഥകള്‍ മാറിമാറിവരുന്ന ഈ രോഗം മാനസികരോഗമായി തോന്നുകയേ ഇല്ല. സാധാരണ മാനസികരോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും ഈ രോഗിയില്‍ കാണാന്‍ സാധിക്കുകയില്ല. ദിവസങ്ങളോളം ഉറങ്ങാതെയിരുന്ന് നിസ്സാരകാര്യങ്ങള്‍ പോലും എഴുതി നിറക്കുന്നത് ഉന്മാദ അവസ്ഥയില്‍ ഇവരില്‍ കാണുന്ന സവിശേഷതയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവര്‍ വാചാലരും എത്ര വലിയ സാഹസവും കാണിക്കാനുള്ള് ധൈര്യമുള്ളവരും ആയിരിക്കും. നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും പലരോടും പക സൂക്ഷിച്ച് ഏതുവിധേനയും അവരെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഉന്മാദവസ്ഥയില്‍ നിന്ന് വിഷാദാവസ്ഥയിലേക്ക് എത്തുമ്പോള്‍ മൂകമായ അവസ്ഥയിലേക്ക് രോഗി മാറുന്നു.എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് മാറി ആരോടും സംസാരിക്കാതെ വിജനമായ ഒരു കോണില്‍ അഭയം തേടുന്നു.
നന്ദിതയില്‍ ഈ രണ്ട് അവസ്ഥകളും മാറിമാറി കണ്ടിരുന്നു. എന്നാല്‍ അതൊരു മാനസികരോഗമാണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ല.  ഹോസ്റ്റലില്‍ ദിവസങ്ങളോളം ഉറക്കമൊഴിച്ചിരുന്ന് നന്ദിത ഒരോന്നു കുത്തിക്കുറിച്ചു. അതെല്ലാം മനോഹരമായ കവിതകളായ്. വര്‍ഷങ്ങളോളം അവ പുറലോകമറിയാതെയിരുന്നു. മാതാപിതാക്കളുമായി നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടുന്നതും കവിതകള്‍ക്ക് താഴെ അജ്ഞാതമായ പേരുകള്‍ കുറിച്ചിടുന്നതും ഈ രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു.
അച്ഛനുമായ് വഴക്കിട്ട നന്ദിത ചെറിയമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. അച്ഛനോടുള്ള നന്ദിതയുടെ പ്രതികാരമായിരുന്നു ഒരു ചെറുപ്പക്കാരനുമായുള്ള പ്രേമവും ഒടുവില്‍ വിവാഹവും. അജിത്ത് എന്ന ആ ചെറുപ്പക്കാരനെ നന്ദിത കണ്ടുമുട്ടുന്നത് 1994ല്‍ ആണ്. ആകെ മൊത്തം 59 കവിതകളാണ് നന്ദിതയുടെതായ് കണ്ടെടുത്തിട്ടുള്ളത്. അജിത്തിനെ കണ്ടുമുട്ടിയ ശേഷം നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്നു വേണം കരുതാന്‍. ചിലപ്പോള്‍ ഇതിനകം തന്നെ രോഗം നന്ദിതയെ കവര്‍ന്നെടുത്തിരിക്കാം. നന്ദിതയുടെ വിവാഹജീവിതത്തിലും നിരവധി പ്രശ്നങ്ങള്‍ ഉണ്ടായി. വയനാട് മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ (Muttil Muslim Orphanage Arts and Science College) ഇംഗ്ലീഷ് അദ്ധ്യാപികയായ് നന്ദിത ജോലി തുടര്‍ന്നു. അവിടെ നന്ദിതയ്ക്ക് ഒരു സ്നേഹിതന്‍ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. അതോ നന്ദിതയുടെ മനസ്സ് സ്രുഷ്ടിച്ച ഒരു കഥാപാത്രമാണോ അയാള്‍ എന്ന് വ്യക്തമല്ല. 1999 ജനുവരി 17., നന്ദിത ഉറക്കമൊഴിഞ്ഞ അവസാനരാത്രി. അന്ന് അവരെ തേടി ഒരു ഫോണ്‍ സന്ദേശം എത്തി. വിഷാദത്തിന്റെ നീരൊഴുക്കില്‍ പെട്ട് പോയ നന്ദിതയുടെ മനസ്സിനെ തകര്‍ത്ത എന്തോ ആയിരുന്നു ആ ഫോണ്‍ സന്ദേശം. കവിതകളിലൂടെ നന്ദിത തീര്‍ത്ത പ്രണയത്തിന്റെ ലോകത്ത് നിന്നും മരണത്തിലേക്ക് അവര്‍ അഭയം തേടി. നന്ദിതയുടെ ആത്മഹത്യക്ക് ശേഷം സ്യുട്കേസില്‍ നിന്നും നന്ദിതയുടെ ഡയറി കണ്ടെടുത്തു. അങ്ങനെയാണ് പ്രണയത്തെ കവിതകളുലൂടെ അനശ്വരമാക്കിയ ആ കവിയത്രിയുടെ രചനകള്‍ പുറലോകമറിയുന്നത്. 
ഇന്നും നന്ദിത ജീവിക്കുന്നു.. നന്ദിതയുടെ വൃന്ദാവനത്തില്‍.. നന്ദിതയുടെ കവിതകളില്‍..

നന്ദിതയുടെ കവിതകള്‍ ഇവിടെ വായിക്കാം.

2011, ജൂൺ 4, ശനിയാഴ്‌ച

ഒരു പ്രണയം

ഇന്നും ഞാന്‍ കാത്തിരിക്കുന്നു
ഒരുപാട് പ്രതീക്ഷയോടെ
നമ്മുടെ പ്രണയലോകത്തില്‍
കണ്ണിമചിമ്മാതെ, നിനക്കായ്
നീ തുറന്നിട്ട ഈ ജനലരികില്‍
എനിക്കു മേലെ മേഘപടലങ്ങള്‍
ഒരു കനത്ത ഇടിമിന്നലില്‍ എന്നെ
ഇവിടെ നിന്നും അടര്‍ത്തിമാറ്റുവാന്‍
നിന്നില്‍ നിന്നു എന്നെ അകറ്റുവാന്‍
അല്ലെങ്കില്‍ ഒരുനാള്‍ വൈകാതെ
നോവുകള്‍ കൊണ്ട് നീറുന്ന മനസ്സില്‍
ഒരു ആര്‍ദ്രഗീതം പോലെ
അത് പെയ്തൊഴിയുമായിരിക്കും
പ്രതീക്ഷയുടെ നാമ്പുകള്‍ ഇന്നും തളിര്‍ത്തിരിക്കുന്നു
ഇടനാഴികള്‍ നിറഞ്ഞിരിക്കുന്നു
ദാഹിക്കുന്നവയ്ക്ക് പാനജലം നല്‍കി
വളര്‍ത്തിയാതാണവയെ
എല്ലാം ഒരു മുത്തശ്ശിക്കഥപോല്‍ വിചിത്രം
ഈ പ്രപഞ്ചവും പിന്നെയെന്‍ പ്രണയവും..

2011, ജൂൺ 3, വെള്ളിയാഴ്‌ച

വീണ്ടും ഒരു മഴക്കാലം . . .

മഴ... എനിക്കിഷ്ടമാണ് മഴ. മേടച്ചൂടിന് വിരാമമായി ഇന്നലെ മഴയെത്തി. വീടിന്റെ ഉമ്മറത്തിരുന്ന് പുസ്തകം വായിക്കുകയായിരുന്നു ഞാന്‍. തണുത്ത ഒരു കാറ്റ് വന്നു താളുകള്‍ മറിച്ചു. ഇന്നത്തേക്ക് ഇത്ര വായിച്ചാല്‍ മതിയെന്ന ഭാവമായിരുന്നു കാറ്റിന്. ഞാന്‍ പുസ്തകം അടച്ച് വെച്ച് മുറ്റത്തേക്ക് ഇറങ്ങി. മഴത്തുള്ളികള്‍ പതിയെ മണ്ണിലേക്ക് പതിഞ്ഞു തുടങ്ങിയിരിക്കുന്നു. ഞാന്‍ കൈ നീട്ടി കുറച്ച് മഴത്തുള്ളികള്‍ കൈക്കുള്ളിലാക്കി. അപ്പോഴതാ വീണ്ടും കാറ്റ്. അകത്ത് നിന്നു അമ്മയുടെ ശബ്ദം. മഴ നനഞ്ഞ് പനി പിടിച്ച് കിടക്കാനാണോന്ന് ചോദ്യവും. എന്തോ., ഒന്നും ഞാന്‍ ശ്രദ്ധിച്ചില്ല. മനസ്സ് മുഴുവന്‍ കുട്ടിക്കാലത്ത് മതിമറന്ന് ആഘോഷിച്ച മഴക്കാലങ്ങളുടെ ചിത്രങ്ങളായിരുന്നു. ഞാന്‍ കുടയെടുത്ത് പുറത്തേക്കിറങ്ങി. മഴ ചെറുതായ് പൊടിയുന്നു. ഞാന്‍ കുട നിവര്‍ത്തി നടക്കുകയാണ്. മഴത്തുള്ളികള്‍ കുടയില്‍ വന്ന് വീഴുന്നതിനും ഒരു താളമുണ്ട്.
ഇരുവശത്തും വയലുകളാണ്. നേര്‍ത്ത വരമ്പിലൂടെ ഞാന്‍ നടന്നു. പാടങ്ങള്‍ നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയരുന്ന കാലം. എന്നാല്‍ ഈ വയലുകള്‍ക്ക് ഇന്നും അത് തീണ്ടാപ്പാട് അകലെയാണ്. എല്ലാ മഴക്കാലത്തും ഈ വരമ്പിലൂടെ ഞാന്‍ പോവറുണ്ട്. എന്നാല്‍ ഇത്തവണ അതിനു ഒരു പ്രത്യേകതയുണ്ട്. വേനല്‍ക്കലത്ത് കെട്ടിയ ഫുട്ബോള്‍ പോസ്റ്റിന്റെ വലയില്‍ നിന്നും മഴത്തുള്ളികള്‍ ഇറ്റ് വീഴുന്നു. വയല്‍ വരമ്പത്ത് കണ്ട വെള്ളംതുള്ളിച്ചെടി ഞാന്‍ പൊട്ടിച്ചെടുത്തു. സ്ലേറ്റ് മയക്കാന്‍ ഇതും എടുത്ത് സ്കൂളില്‍ പോവുന്നത് ഇന്നും ഒര്‍മയുണ്ട്. വര്‍ഷങ്ങള്‍ പലതും കഴിഞ്ഞിരിക്കുന്നു. ഒര്‍മകള്‍ക്ക് പ്രായമാവാറില്ല. ഇന്നും അതു ശൈശവത്തിലാണ്. മഷിത്തണ്ട് പൊട്ടിച്ച് തൊടിയില്‍ ഓടിനടന്നിരുന്ന കാലം നഷ്ടമായെന്നു സമ്മതിച്ച് കൊടുക്കാന്‍ ഇന്നും മനസ്സിനു സാധിക്കുന്നില്ല. നടന്ന് ഞാന്‍ ക്ഷേത്രനടയില്‍ എത്തി.
മഴ തോര്‍ന്നിരിക്കുന്നു. ഞാന്‍ കുട മടക്കി ആല്‍ത്തറയില്‍ വെച്ചു. വഴിയിലാകെ വെള്ളം നിറഞ്ഞിരിക്കുന്നു. ചില്ലയില്‍ നിന്നു വീഴുന്ന മഴതുള്ളിയെ മണ്ണില്‍ ചേരാന്‍ ഞാന്‍ അനുവദിചില്ല. ഇതെന്തിനാ താഴേക്ക് വന്ന് മണ്ണില്‍ വീണു മരിക്കുന്നത്. ഇതിനു തിരിച്ചു പോയിക്കൂടെ, അങ്ങ് ആകാശത്തേക്ക്. ഭൂമിയുടെ ഗുരുത്വാകര്‍ഷണം എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്നത് അഞ്ചാം ക്ലാസ്സിലെ ശാസ്ത്രത്തില്‍ സരസ്വതി ടീച്ചര്‍ പറഞ്ഞതോര്‍ത്തു. കോളേജില്‍ എത്തിയപ്പോഴും എല്ലാം തന്നിലേക്ക് ചേര്‍ക്കാനുള്ള ഭൂമിയുടെ ആഗ്രത്തോട് യോജിക്കുവാന്‍ എനിക്ക് സാധിച്ചില്ല. പലതും ആലോചിച്ച് സമയം പോയി. അപ്പോഴാണ് പിറകില്‍ നിന്നൊരു ശബ്ദം.
“ ഈ ലോകത്തൊന്നും അല്ലേ..?”
അച്ചു. കുട്ടിക്കാലം തൊട്ട് ഞങ്ങള്‍ ഒരുമിച്ചയിരുന്നു. കാലാം കൊഴിഞ്ഞ് വീഴുമ്പോഴും അവളുടെ വിരല്‍ത്തുമ്പുകള്‍ എന്റെ കരങ്ങളില്‍ ഭദ്രമായിരുന്നു.
“ബാലന്‍സ് ഇല്ലാര്‍ന്നു. ഫ്രീ മെസ്സെജ് ഓഫര്‍ ആണെങ്കില്‍ കഴിഞ്ഞു, അതാ വിളിക്കഞ്ഞത്.”
അവള്‍ പറയുന്നതൊന്നും ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മൊബൈല്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ രണ്ട് ദ്രുവത്തില്‍ ആയിപ്പോയേനെ. കമിതാക്കള്‍ക്ക് വേണ്ടി ശാസ്ത്രത്തിന്റെ സമ്മാനം. മനുഷ്യന്‍ ചൊവ്വയിലേക്കു പോവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും ഞങ്ങള്‍ ഇപ്പോഴും പൈങ്കിളി പ്രണയത്തില്‍ ആണെന്ന് തോന്നുന്നു. ഞാന്‍ പറഞ്ഞതിനു അവള്‍ മറുപടിയെന്നോണം ചിരിക്കുക മാത്രം ചെയ്തു.
“മിസ്ഡ് കോളി“ല്‍ തുടങ്ങി “സ്വിച്ച് ഓഫി“ല്‍ തീരുന്ന പ്രണയത്തിന്റെ കാലം. എപ്പോഴവളെ പ്രണയിച്ച് തുടങ്ങിയെന്നു അറിയില്ല. എന്റെ ഹ്രുദയമിടിപ്പിന്റെ വ്യത്യാസം അവള്‍ അറിഞ്ഞതെന്നണെന്നും അറിയില്ല. കോളേജ് വിശേഷങ്ങള്‍ പറഞ്ഞ് സമയം ഒരുപാട് നീങ്ങി. വെയിലേറിയിരിക്കുന്നു. “എത്ര പെട്ടെന്നാ ആ മഴക്കാറ് പോയതല്ലേ” നെറ്റിയിലെ ചന്ദനക്കുറിയിലൂടെ ഒഴുകിയ വിയര്‍പ്പ് തുള്ളിയെ കൈകൊണ്ട് തെറിപ്പിക്കുന്നതിനിടെ അവള്‍ പറഞ്ഞു.
എന്തൊക്കെയോ പറയാന്‍ ബാക്കിവെച്ച് അവള്‍ നടന്നു. വഴിമറയും മുന്‍പ് അവള്‍ തിരിഞ്ഞുനോക്കി. അപ്പോള്‍ ആ കണ്ണികളിലെന്തായിരുന്നു. പ്രണയത്തിന്റെ ആര്‍ദ്രതയാല്‍ അത് നനഞ്ഞിരുന്നു. അവള്‍ നടന്നകലുന്നതും നോക്കി ഞാന്‍ ഇരുന്നു.
അതാ.., വീണ്ടും മഴ. അതെ അവളുടെ പ്രണയം എന്നിലേക്ക് അലിഞ്ഞിറങ്ങുകയായ്. ഒരു നേര്‍ത്ത മഴയായ്. ഞങ്ങളുടെ പ്രണയത്തില്‍ മഴ എന്നും ഉണ്ടായിരുന്നു. ഇന്ന് അതിന്റെ വേഷം വിരഹമാണ്. ഞാന്‍ പ്രണയിച്ച് പോവുകയാണ്... ഈ മഴയെയും..