2012, ജൂൺ 6, ബുധനാഴ്‌ച

അദ്ധ്യായം ഒന്ന് : ബനാനബോളി

(പ്രണയം തുടങ്ങാൻ ഒരു കണ്ണടച്ച്‌ തുറക്കുന്ന സമയം മതിയെന്ന്‌ പറയാറില്ലേ.. എപ്പോൾ വേണമെങ്കിലും ആരോടും തോന്നാവുന്ന പ്രണയം. ഒരു ബനാനബോളിയിൽ (ബനാനബോളി., നമ്മുടെ തിരോന്തോരം ഭാഷയിൽ പറഞ്ഞാൽ പഴം പൊരി) തുടങ്ങിയ പ്രണയത്തെ കുറിച്ച്‌ കേട്ടിട്ടുണ്ടോ..???)

 “മച്ചാ.. എളിന്തിരി മച്ചാ..”
 കാലത്ത്‌ തന്നെ നീ എന്റെ കയ്യിൽ നിന്നും വാങ്ങും എന്നും പറഞ്ഞുകൊണ്ട്‌ ഞാൻ കണ്ണു തുറന്നു. 
“എന്നടാ., കാലൈലെ ഒളറിയിട്ടേയിറുക്ക്‌,” കണ്ണു തിരുമ്മന്നതിനിടയിൽ ഞാൻ ചോദിച്ചു. 
“ഡൂഡ്‌., ഇറ്റ്സ്‌ ടൈം. 8.15 ഡാ മച്ചാ, ” മുടി ചീകിയൊതുക്കുന്നതിനിടയിൽ രാഹുൽ പറഞ്ഞു. അപ്പോഴാണു എനിക്ക്‌ ബോധം വന്നത്‌. ഇന്ന്‌ എഞ്ചിനീയറിങ്ങ്‌ കോളജിലെ ആദ്യദിവസം. ഞാൻ ബക്കറ്റുമെടുത്ത്‌ ബാത്‌ റൂമിലേക്ക്‌ ഓടി. അവിടെയാണെങ്കിലോ നമ്മുടെ നാട്ടിൽ ഹർത്താലിന്റെ തലേ ദിവസം ബീവറേജ്‌ ഷോപ്പിനു മുന്നിൽ കാണാറുള്ള അതേ ക്യൂ. അങ്ങനെ ആ ക്യൂവിലേക്ക്‌ എന്റെ പിങ്ക്‌ ബക്കറ്റും സ്ഥാനം പിടിച്ചു. പല്ല്‌ തേച്ച്‌ കഴിഞ്ഞപ്പോഴും എന്റെ ബക്കറ്റ്‌ അവിടെ തന്നെ. ഇനി കുളി നടപ്പില്ല. പിന്നെ ഞാൻ ഒന്നും നോക്കിയില്ല. തിരിഞ്ഞ്‌ റൂമിലേക്ക്‌ ഓടി. യൂണിഫോം ഒക്കെയിട്ട്‌ റെഡിയായി വന്നു. ബെല്ലടിക്കും മുൻപ്‌ ക്ലാസ്സിലെത്തി.
പിന്നിലെ ഒഴിഞ്ഞ സീറ്റിലേക്ക്‌ ഞങ്ങൾ പോയിരുന്നു. ഞാൻ ക്ലാസ്സ്‌ മൊത്തം ഒന്നു കണ്ണോടിച്ചു. ഇല്ല., ഒരു പെൺകുട്ടിപോലും ഇല്ല. പണ്ട്‌ മുതലേ അത്‌ അങ്ങനെയാണല്ലോ. മെക്കാനിക്കൽ എഞ്ചിനീറിങ്ങ്‌ പെൺപിള്ളേർ എടുക്കില്ല. ഇവിടേം സ്ഥിതി അതുപോലെ തന്നെ. എൻ ട്രൻസ്‌ പരീക്ഷ എഴുതി എവിടേം കിട്ടാതെ വന്നപ്പോ ഇങ്ങോട്ട്‌ പോരേണ്ടിവന്നു. കോയമ്പത്തൂരിലെ കോളേജിൽ മെക്കനിക്കൽ. വിശപ്പ്‌ കലശലായപ്പോ രാഹുലിനെയും വിളിച്ച്‌ ഇന്റർവെൽ സമയത്ത്‌ കാന്റീനിലേക്ക്‌ വിട്ടു. നാലു പേരാണു ഒരു മുറിയിൽ. എന്റെ കൂടെ ബാക്കി മൂന്ന്‌ പേരും തമിഴ്‌ തമ്പികൾ. തമിഴ്‌ പടങ്ങളൊക്കെ സ്ഥിരമായി കാണുന്നത്‌ കൊണ്ട്‌ തമിഴ്‌ നാൻ റൊമ്പ നല്ലാ പേസുവെ..
സീനിയേർസിനു ക്ലാസ്സ്‌ തുടങ്ങാത്തതിനാൽ കാന്റീനിൽ പേടികൂടാതെ പോകാം. ഞാൻ നേരെ കാന്റീനിലെ മെനുബോർഡിന്റെ അടുത്തേക്ക്‌ നടന്നു. 
സമൂസ, സാമ്പാർ വട, തൈർ സാദ്‌, ചപ്പാത്തി ചന മസാല, ബനാനബോളി. 
“പളം പൊരി മച്ചാ”, രാഹുൽ പിന്നിൽ നിന്നു പറഞ്ഞു. ഞാൻ കൌണ്ടറിനടുത്തേക്ക്‌ നടന്നു. എന്റെ മുന്നിൽ ഒരു പെൺകുട്ടിയാണു നില്ക്കുന്നത്‌. 
“1 കോഫീ 1 ബനാന ബോളി”, അവൾ കൌണ്ടറിലിരിക്കുന്ന തമിഴൻ എന്നു തോന്നിക്കുന്നയാളോട്‌ പറഞ്ഞു. 
“12 റുപ്പീസ്‌”, അയാൾ ബില്ല്‌ കൊടുത്ത്‌ കൊണ്ട്‌ പറഞ്ഞു. അവൾ 20 രൂപ നോട്ട്‌ എടുത്ത്‌ നീട്ടി.
“നോ ചെയ്ഞ്ച്‌ ഗിവ്‌ ചെയ്ഞ്ച്‌”, അയാൾ 10 സെന്റീമീറ്റർ നീളത്തിൽ ഭസ്മക്കുറി തൊട്ട നെറ്റി ചുളിച്ച്‌ കൊണ്ട്‌ പറഞ്ഞു. അവൾ പഴ്സിൽ പരതാൻ തുടങ്ങി. ജാട കാണിക്കാൻ പറ്റിയ സമയം. “എക്സ്‌ ക്യൂസ്‌ മീ” ഞാൻ ജഗതീഷ്‌ സ്റ്റൈലിൽ പറഞ്ഞു. അവൾ തിരിഞ്ഞ്‌ എന്നെയൊന്നു നോക്കി. ഞാൻ അവളെ നോക്കാതെ കൌണ്ടറിലേക്ക്‌ കടന്നു നിന്നു. നമ്മൾ പണ്ടേ പെൺകുട്ടികളുടെ മുഖത്ത്‌ നോക്കാറില്ലല്ലോ. ;)
“ 2 ടീ ആന്റ്‌ 2 ബനാനബോളി” ഞാൻ പറഞ്ഞു. പൈസ കൊടുത്ത്‌ ഞാൻ ഓഡർ വരുന്നതും കാത്ത്‌ നില്ക്കുകയാണു. എന്റെ അരികിലായി അവളും നില്ക്കുന്നുണ്ടായിരുന്നു.
“സമ്മ ഫിഗർ മച്ചാ” രാഹുലിന്റെ കമന്റ്‌ കേട്ടിട്ടാണു ഞാൻ അവളെ ശരിക്കും നോക്കിയത്‌.
 “ഓൾ ഫീചേഴ്സ്‌ ആർ ഗുഡ്‌” ഞാൻ കണ്ണിറുക്കികൊണ്ട്‌ പറഞ്ഞു.
 നെറ്റിയിലേക്ക്‌ വീഴുന്ന മുടിത്തുമ്പ്‌ ചെവിക്കിടയിലേക്ക്‌ തിരുകിവെക്കുന്നതിനിടയിൽ അവൾ വീണ്ടും തിരിഞ്ഞ്‌ നോക്കി. നല്ല ഭംഗിയുള്ള മുഖം. എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. മലയാളിയാണോ..
അങ്ങനെ ഓരോന്ന്‌ ചിന്തിച്ചിരിക്കുന്നതിനിടയിൽ ബനാനബോളിയും ചായയും റെഡി.
 “ബനാനബോളി തീർന്ത്‌ പോച്ച്‌. ” അവളെ നോക്കി അയാൾ പറഞ്ഞു.
“അയ്യൊ., തീർന്നോ :( ”
ആഹാ മലയാളിയാണല്ലേ.. എന്റെ മനസ്സിൽ വീണ്ടും ലെഡ്ഡു പൊട്ടി. ദേശസ്നേഹത്തിന്റെ അലകൾ ഉയർന്നു.
“യു കേൻ ടേക്‌ ദിസ്‌., എടുത്തോളൂ” ഞാൻ പറഞ്ഞു.
അവൾ ഒന്നും പറഞ്ഞില്ല. ഞാൻ ഒരു ബനാനബോളിയെടുത്ത്‌ അവളുടെ പ്ലേറ്റിൽ വെച്ചു.
“ഏയ്‌., വേണ്ട..” അവൾ പ്ലേറ്റ്‌ എന്റെ നേരെ വെച്ചു.
“ഇറ്റ്സ്‌ ഒകെ യാർ.. എടുത്തോളു..” ഞാൻ വീണ്ടും പ്ലേറ്റ്‌ അവളുടെ അടുത്തേക്ക്‌ വച്ചു.
എന്നിട്ട്‌ ചായയും എടുത്ത്‌ ടേബിളിലേക്ക്‌ നടന്നു. ഞങ്ങൾ ചായ കുടിച്ച്‌ തുടങ്ങി. അവൾ കോഫിയുമെടുത്ത്‌ ഞങ്ങളുടെ ടേബിളിൽ വന്നിരുന്നു.
“ഹായ്‌., താങ്ക്സ്‌.”
“ഇറ്റ്സ്‌ ഓകെ.
ജീവൻ , മെക്കാനിക്കൽ. ഇത്‌ രാഹുൽ എന്റെ ഫ്രണ്ടാണു” ഞാൻ പറഞ്ഞു.
“മായ., സിവിൽ.”
“സിവിൽ ആണോ.. ഒകെ ഒകെ.. നൈസ്‌” ഞാൻ പറഞ്ഞു.
അപ്പോഴേക്കും ബെല്ലടിച്ചു.
നല്ലോരു പുഞ്ചിരി സമ്മാനിച്ച്‌ അവൾ ക്ലാസ്സിലേക്ക്‌ മടങ്ങി.
“എന്നടാ മച്ചാ ഇത്‌.. ” രാഹുലിന്റെ ചോദ്യം കേട്ടപ്പോഴാണു ഞാൻ അവളിൽ നിന്നും കണ്ണെടുത്തത്‌.
ഞാൻ അവനോട്‌ പറഞ്ഞു.
“ഡാ , ഇന്നു മുതൽ അന്ത പൊന്നു ഉനക്ക്‌ തങ്കച്ചി. പുരിയിതാ..”

(കഥ ഇവിടെ തീരുന്നില്ല. പഴം പൊരിയിൽ നിന്നു പ്രണയത്തിലേക്ക് എത്ര ദൂരമുണ്ടാവും..?)

2011, ഡിസംബർ 15, വ്യാഴാഴ്‌ച

The First Sip Of Vodka അഥവാ ഒരു ബീവറേജ് വിദ്യാരംഭം

സമയം രാത്രി 12 മണി..
സെമസ്റ്റര്‍ പരീക്ഷകള്‍ നാളെ ആരംഭിക്കുകയാണ്. ആ വെടിക്കെട്ടിന് തിരി കൊളുത്താന്‍ നാളെ Heat and Mass Transfer (ഹീറ്റ് & മാസ്സ് ട്രാന്‍സ്ഫര്‍). സീനിയേഴ്സ് സപ്ലികള്‍ വാരിക്കൂട്ടി റെക്കൊഡുകള്‍ സ്രുഷ്ടിച്ച മെക്കാനിക്കല്‍ എന്‍ ജിനീയറിങ്ങിലെ  മൂത്താപ്പ. അതാണ് ഹീറ്റ് & മാസ്സ് ട്രാന്‍സ്ഫെര്‍..!!
ബീപ്.. ബീപ്..’
മൊബൈലിന്റെ ശബ്ദം കേട്ട് കഥാനായകന്‍ കണ്ണുകള്‍ തുറന്നു. 1198 പേജുള്ള ടെക്സ്റ്റ് ബുക്കില്‍ നിന്നും തലയുയര്‍ത്തി ചുറ്റും നോക്കി. സഹമുറിയന്മാര്‍ ഒക്കെ ബുക്ക് തലയിണയാക്കി ഉറക്കത്തില്‍ തന്നെ. മൊബൈല്‍ എടുത്ത് നോക്കി.
1 മെസ്സേജ് റിസീവ്ഡ്
അവന്‍ മെസ്സേജ് തുറന്നു.
സെന്റെര്‍ : മായ
കമ്പ്യൂട്ടര്‍ സയന്‍സിലെ മൊഞ്ചത്തി. എന്താണാവോ എന്തോ..? നിശബ്ദകാമുകന്റെ ഹ്രുദയത്തില്‍ ഒരു വേലിയേറ്റം. ആവേശത്തോടെ അവന്‍ മെസ്സേജ് വായിച്ചു.
“Hey..,
dis is sumthing serious. I know dat U love me. Not as a friend bt more dan dat. and i just wanted to tell U dat I don't have any feelings for U. So plz don't disturb me.. ok..
Bye.
(ചുരുക്കി പറഞ്ഞാല്‍ ഗോപി..!!! അഥവാ അടുത്ത വേണുനാഗവള്ളി.)
വായിച്ച് കഴിഞ്ഞതും കണ്ണുകള്‍ നിറയുന്നത് അവനറിഞ്ഞു. കണ്ണുനീര്‍ തുള്ളികള്‍ കവിളിലൂടെ ഒഴുകിയിറങ്ങി. 4 ദിവസം കൊണ്ട് തലച്ചോറിലെ മെഡുല്ല ഒബ്ലാംഗേറ്റയില്‍ കയറ്റിവച്ച എല്ലാ ഉത്തരങ്ങളും ഡെറിവേഷനുകളും അതിന്റെ കൂടെ ഒഴുകിയിറങ്ങി. ഇപ്രാവശ്യവും സപ്ലി എന്ന് ആ കണ്ണുനീര്‍ തുള്ളികള്‍ അവനെ ഓര്‍മിപ്പിച്ചു. അവന്‍ കണ്ണുകളടച്ചു. അവളുടെ ചിരിക്കുന്ന മുഖം. പരീക്ഷയുടെ തലേദിവസം തന്നെ ക്രുത്യമായ് മെസ്സേജ് അയച്ചിരിക്കുന്നു. ദേഷ്യവും സങ്കടവും കണ്ണിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരുന്നു.
ഇനിയെന്ത് ചെയ്യും..? അവന്‍ ആലോചിച്ച് കൊണ്ടിരുന്നു.
അപ്പോഴാണ് കോടിക്കണക്കിന് നിരാശകാമുകന്മാരുടെ ആശ്രയമായ ആ അത്ബുദവസ്തുവിന്റെ കാര്യം അവന് ഓര്‍മ്മ വന്നത്.
അവന്‍ നേരെ കട്ടിലിനടിയിലുള്ള ബാഗ് എടുത്ത് തപ്പിനോക്കി. അതാ ഇരിക്കുന്നു..
വോഡ്ക (Absolut Vodka)
മദ്യവിമുക്തമായ ഒരു കിനാശ്ശേരി അതായിരുന്നു അവന്റെ സ്വപ്നം. ആ സ്വപ്നവും തകര്‍ന്നു. 
അവന്‍ പതിയെ ബോട്ടിലില്‍ ഉമ്മ വെച്ചു. ബോട്ടില്‍ അവനെയും ഉമ്മ വെച്ചു.
ദ ഫസ്റ്റ് സിപ് ഓഫ് വോഡ്ക “  ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും  അവന്‍ പറഞ്ഞുകൊണ്ടിരുന്നു..
"The First Sip Of VODKA."

മരണാനന്തരം

ഈറനണിഞ്ഞ കണ്ണുകളുയര്‍ത്തി ഒരുനോക്ക് അവള്‍ കണ്ടു. വെളുത്ത പഞ്ഞികൊണ്ട് പൊതിഞ്ഞിരിക്കുന്ന രൂപം. മരണത്തിന്റെ രൂക്ഷഗന്ധം മൂക്കില്‍ ഇരച്ച് കയറുകയാണോ എന്നവള്‍ ഭയപ്പെട്ടു. പ്രണയത്തിന്റെ ഓളപ്പരപ്പില്‍ ഇനി താന്‍ ഒറ്റയ്ക്കാണെന്ന് അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. വിധിയുടെ ഇരമ്പലില്‍ സനാഥത്വം വലിച്ചെറിയപ്പെട്ടൊരു പെണ്‍കുട്ടി. ദൈവത്തിന്റെ ചില വിക്രുതികള്‍ അങ്ങനെയാണ്. അവളുടെ കാലുകള്‍ കുഴഞ്ഞു. കണ്ണുകളിലേക്ക് ഇരുട്ട് കയറുന്നത് അവളറിഞ്ഞു.
“ മായ രാജീവ്.. മായ രാജീവ് “
ഒരു പറ്റം കടലാസ് തുണ്ടുകളുമായ് ഒരു നഴ്സ് അവളുടെ അടുത്തേക്ക് വന്നു.
“ ബില്ല് സെറ്റില്‍ ചെയ്യണം., എന്നിട്ട് ബോഡി കൊണ്ട് പോവാം.”
ബില്ലുമായ് അവള്‍ കൌണ്ടറിനടുത്തേക്ക് നടന്നു. ഒരു മനുഷ്യജീവന്റെ വിലയായ് കുറച്ച് കടലാസ് തുണ്ടുകള്‍.
ഇനിയെന്ത് ചെയ്യണം? ആരോട് പറയണം?
മരണത്തിനും മായ്ക്കാന്‍ പറ്റാത്ത മുറിവുകള്‍ ഉണ്ടെന്ന് അവള്‍ക്ക് തോന്നി. അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് പ്രണയത്തിന്റെ ലോകത്തില്‍ അവര്‍ രണ്ടുപേരും മാത്രമായിരുന്നു ഇത്രയും കാലം. ഒടുവില്‍ രാത്രിയുടെ നിശബ്ദതയില്‍ ചീറിപ്പാഞ്ഞു വന്നൊരു ലോറി അവളെ അവിടെ തനിച്ചാക്കി.
തണുത്ത കാറ്റ് വന്ന് അവളുടെ ശരീരത്തെ മൂടി. ഞരമ്പിനുള്ളിലെക്കും അത് പടര്‍ന്നു. രക്തം മരവിച്ച് തുടങ്ങിയിരിക്കുന്നു. നോക്കിനില്‍ക്കേ പഞ്ഞിക്കെട്ടിലേക്ക് തീ പടര്‍ന്നു.അവളുടെ ദേഹവും എരിയുകയായിരുന്നു. അവസാനം ഒരുപിടി ചാരമവശേഷിപ്പിച്ച് ഇരുട്ടിന്റെ മറവിലേക്ക് തീക്കനലുകളും ഒളിച്ചിരുന്നു.
അവള്‍ അതിനടുത്തേക്ക് നടന്നു. ഇനി ഈ ലോകത്ത് തനിച്ചാണെന്ന് ആരോ പറയുന്നത് പോലെ അവള്‍ക്ക് തോന്നി. അവളുടെ കണ്ണുകള്‍ നിറഞ്ഞു. ആകാശം കറുത്തിരുണ്ടു. മഴത്തുള്ളികള്‍ ഭൂമിയിലേക്ക് പതിച്ച് കൊണ്ടിരുന്നു. ഓരോ മഴത്തുള്ളിയും മുള്ളുകള്‍ പോലെ അവളുടെ ശരീരത്തില്‍ തറിച്ച് കയറി. അവളുടെ കണ്ണുനീര്‍ത്തിള്ളികള്‍ പോലും ആ മഴയില്‍ അലിഞ്ഞില്ലാതായി.
മഴയും തന്നെ നോവിക്കുന്നതായ് അവള്‍ക്ക് തോന്നി. ഒടുവില്‍ ആ മഴയില്‍ അവളും അലിഞ്ഞില്ലാതായി.
പ്രണയത്തിന്റെ പനിനീര്‍പ്പൂവിലേക്ക് വീണ്ടും ഒരു നനവ് പടര്‍ന്നു..

2011, ജൂലൈ 17, ഞായറാഴ്‌ച

ഒരു സിനിമ (കാണാന്‍ പോയ) കഥ..!!

ബ്രണ്ണന്‍ സ്കൂള്‍
ഇത് ഒരു സിനിമയുടെ കഥയല്ല. ഒരു സിനിമ കാണാന്‍ പോയ കഥയാണ്. സ്കൂള്‍ ജീവിതത്തിലെ സ്വര്‍ണ്ണനിറമുള്ള താളുകള്‍., അതായിരുന്നു +1, +2 കാലഘട്ടം. വിപ്ലവം സിരകളിലും ഫ്രണ്ട്ഷിപ്പിന്റെ ചൂട് രക്തത്തിലും അലിഞ്ഞ് ചേര്‍ന്ന സമയം. തലശ്ശേരിയിലെ “പുരാതന” സ്കൂളുകളില്‍ ഒന്നായ തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആയിരുന്നു എന്റെ രണ്ട് വര്‍ഷം നീണ്ട ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായ് പ്രവര്‍ത്തിച്ച ബ്രണ്ണന്‍ എന്ന സായിപ്പ് മുന്നോട്ട് വച്ചതാണ് ഈ സ്കൂളും പിന്നെ ബ്രണ്ണന്‍ കോളേജും. എന്നാല്‍ തുടക്കത്തില്‍ ഒരു കുട്ടിക്ക് പോലും SSLC പാസ്സായിപ്പോവാന്‍ ഈ സ്ക്കൂളില്‍ നിന്നായില്ല. പിന്നീട് വന്ന ഒരദ്ധ്യാപകന്റെ ശ്രമഫലമായി പൂജ്യത്തില്‍ നിന്ന് സമ്പൂര്‍ണ്ണ വിജയത്തിലേക്ക് ബ്രണ്ണന്‍ കുതിച്ചു. (മാണിക്യക്കല്ല് എന്ന സിനിമയുടെ പ്രമേയവുമായ് ഇതിനു സാമ്യമുണ്ടെന്ന് തോന്നുന്നു). ജില്ലയിലെ മികച്ച ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഒന്നായത് കൊണ്ട് തന്നെ ബ്രണ്ണനില്‍ ചേര്‍ന്നപ്പോള്‍ വളരെ സന്തോഷം തോന്നി.
+2 യുവജനോത്സവസമയത്ത് നടന്ന ഒരു രസകരമായ അനുഭവമാണ് ഇനി പറയുന്നത്.
ബ്രണ്ണനിലെ ബയോളജി സയന്‍സ് ബാച്ച്. 54 പോക്കിരികളെ കൊണ്ട് സമ്പന്നമായ ബാച്ച്. അതില്‍ വെറും 14 ആണ്‍ തരികള്‍. എണ്ണത്തില്‍ കുറവായത് കൊണ്ട് തന്നെ 14 പേരും ഒരൊറ്റ സംഘം ആയിരുന്നു. എല്ലാ വയ്യാവേലികളിലും കയറി നടക്കുന്ന 14 പേര്‍. വഴിയിലോരു കാര്‍ കണ്ടാല്‍ പോയി തലവെക്കുന്ന ശീലം. അങ്ങനെ യുവജനോത്സവത്തിന്റെ അവസാനദിവസം. വൈകുന്നേരും വരെ സ്കൂളില്‍ എല്ലാവരും ഉണ്ടായിരിക്കണമെന്നത് കര്‍ശനമാണ്. ഇടയ്ക്ക് കുട്ടികള്‍ മുങ്ങാതിരിക്കാന്‍ ഗേറ്റില്‍ എന്‍. സി.സി പിള്ളേര്‍ നില്‍ക്കുന്നാണ്ടാവും. തലശ്ശേരി ഒരു ഫിലിം ഇറങ്ങിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ അത് കണ്ടിരിക്കും. പ്രഭ തിയേറ്ററില്‍ ചോക്ലേറ്റ്സ് ഫിലിം കളിക്കുന്ന സമയം. അന്ന് ഉച്ചക്ക് ശേഷം മുങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ വാളും പരിചയും എടുത്ത് തയ്യാറായപ്പോള്‍ എണ്ണം 14ല്‍ നിന്ന് 11 ആയി കുറഞ്ഞു. എന്നിട്ടും ഞങ്ങള്‍ തളര്‍ന്നില്ല. ഞങ്ങള്‍ സ്കൂളില്‍ വന്നെന്ന് സാറിനെ ബോധിപ്പിക്കാന്‍ സാറിന്റെ മുന്നില്‍ കൂടി രണ്ട് മൂന്ന് പ്രാവശ്യം നടന്നു. അങ്ങനെ ഞങ്ങള്‍ ഹാജരാണെന്ന് സാറിനെ ഞങ്ങള്‍ ബോധിപ്പിച്ചു. ഇനി എങ്ങനെയെങ്കിലും ഗേറ്റ് കടക്കണം. എങ്ങനെ???
ബാഗും എടുത്ത് ഗേറ്റ് വഴി പോവുക അസാധ്യം. ഒടുവില്‍ കൂട്ടത്തില്‍ SFI യുടെ കരുത്തുറ്റ പോരാളിയും ഒളിപ്പോരില്‍ ബിരുദവുമുള്ള ശ്യാം ഒരു വഴി കണ്ടെത്തി. പിന്‍ മതിലില്‍ കൂടി ബാഗ് പുറത്തേക്കിട്ട് ഭക്ഷണം കഴിക്കാന്‍ എന്ന പോലെ പുറത്തേല്ലിറങ്ങുക. ഞങ്ങള്‍ കൈ ഉയര്‍ത്തി ആ വിശ്വാസപ്രമേയം പാസ്സാക്കി. ഞങ്ങളുടെ പ്രതീക്ഷയുടെ കുത്തബ് മിനാര്‍ പെട്ടെന്ന് തന്നെ തകര്‍ന്ന് വീണു. അവിടെയൊക്കെ ടീച്ചര്‍മാര്‍ നില്‍ക്കുന്നു. സമയം ഒരു മണി കഴിഞ്ഞു. 2.30 ആണ് മാറ്റിനി. പിന്നെയൊന്നും ആലോചിച്ചില്ല. അരയിലെ ബെല്‍റ്റ് മുറുക്കി, ഗേറ്റിലേക്ക് നടന്നു. എന്‍. സി. സി പിള്ളേരെ തള്ളിമാറ്റി പുറത്തേക്ക്. പിന്നെ തലശ്ശേരി റെയില്‍ വേ ക്വാര്‍ട്ടേസ് വരെ സവാരി ഗിരി ഗിരി. അവിടെയാണ് ഒരു സംഘാംഗത്തിന്റെ താമസം. അവിടെ വച്ച് യൂണിഫോം മാറി ഞങ്ങള്‍ തീയേറ്ററിലേക്ക് വിട്ടു. ടിക്കറ്റ് എടുത്ത് അകത്ത് കയറി. ഹൌസ് ഫുള്‍ ഷോ. 5 മണി കഴിഞ്ഞപ്പോള്‍ പടം കഴിഞ്ഞു. തീയേറ്ററിന്റെ പുറത്തിറങ്ങിയപ്പോള്‍ കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ ആശ്വാസമായിരുന്നു. ഇനി പതിയെ ബസ്സ് സ്റ്റാന്റില്‍ പോവണം. ബസ്സ് കയറണം. വീട്ടിലെത്തണം. അത്രമാത്രം.
കൂട്ടത്തില്‍ വീട്ടില്‍ എത്താന്‍ തിരക്ക് കൂട്ടിയിരുന്ന കണ്ണന്‍ മുന്നില്‍ നടന്നു. ഞങ്ങള്‍ ബാക്കിയുള്ളവര്‍ സിനിമയുടെ സംഗതികള്‍ ചര്‍ച്ച ചെയ്ത് ഒരു 20 മീറ്റര്‍ പിന്നിലും. ഓവര്‍ സ്പീഡില്‍ പോയ കണ്ണന്‍ വഴിയിലെ ഡെയ്ഞ്ചര്‍ ബോര്‍ഡ് കണ്ടില്ല. ചെന്ന് പെട്ടത് സി. ഐ, ഡി വിജയന്റെയും ദാസന്റെയും മുന്നില്‍. ( രണ്ട് പേരും ഞങ്ങളുടെ അദ്ധ്യാപകരാണ്.) ദൂരെ നിന്നും ഇതുകണ്ട ഞങ്ങള്‍ സഡണ്‍ ബ്രേക്കിട്ടു. കണ്ണനെ രണ്ട് പേരും ചോദ്യം ചെയ്യാന്‍ തുടങ്ങി. ഐകമത്യം മഹാബലം എന്ന പാര്‍ട്ടി സൂക്തം ഞങ്ങള്‍ ഓര്‍ത്തു. പിന്നെയൊന്നും ആലോചിച്ചില്ല. ഒരാള്‍ പിടിക്കപ്പെട്ട സ്ഥിതിക്ക് പിടികൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.ഞങ്ങള്‍ നേരെ സാറിന്റെ മുന്നിലെത്തി പിടികൊടുത്തു. ഞങ്ങളെ കണ്ടപ്പോള്‍ സൊമാലിയന്‍ കൊള്ളക്കാരെ പിടിച്ച സന്തോഷമായിരുന്നു സി.ഐ.ഡി.കളുടെ മുഖത്ത്. നാളെ സ്കൂളില്‍ വന്നിട്ട് പറയാം എന്നും പറഞ്ഞ് രണ്ട് സി.ഐ.ഡി.മാരും അടുത്ത ബസ്സില്‍ കയറിപ്പോയി.
അടുത്ത നിമിഷം 20 കൈകളും 20 കണ്ണുകളും കണ്ണന് നേരെ തിരിഞ്ഞു. കണ്ണന്‍ അപ്പോഴാണ് അവന്‍ നടത്തിയ ബുദ്ധിപരമായ നീക്കത്തെ കുറിച്ച് പറയുന്നത്.
ചെറിയൊരു ഫ്ലാഷ് ബാക്ക്-
സി.ഐ.ഡി.കള്‍ കണ്ണനെ ചോദ്യം ചെയ്യുന്ന രംഗം :
പൊതുവെ അതിബുദ്ധിശാലിയായ കണ്ണന്റെ കുബുദ്ധി സി.ഐ.ഡി.കളെ കണ്ടപ്പോള്‍ തന്നെ വര്‍ക്ക് ചെയ്തിരുന്നു.
കണ്ണന്‍ : “ഗുഡ് ഈവ്നിങ്ങ് സാര്‍ ,:) സാര്‍ എന്താ ഇവിടെ?“

സി.ഐ.ഡി. ദാസന്‍ : “ബാക്കിയുള്ളവര്‍ എവിടെ? നിങ്ങള്‍ ഫിലിം കാണാന്‍ സ്കൂളില്‍ നിന്നും കടന്നുവെന്ന് ഞങ്ങളറിഞ്ഞു.“
കണ്ണന്‍ : “(മുഖത്ത് ആശ്ചര്യവും നിഷ്കളങ്കതയും ഒരു കിലോ വീതം വാരി വിതറി കൊണ്ട്) അതുശെരി, ഞാനും അവര്‍ ഫിലിം കാണാന്‍ ഇറങ്ങിയെന്ന് കേട്ടിട്ട് വന്നതാ. എന്റെ റെക്കോര്‍ഡ് വാങ്ങാന്‍ വേണ്ടി, അവരെയൊന്നും കണ്ടില്ല സാര്‍. ചെ., ഫിലിമിനു വന്നിട്ടുണ്ടാവില്ല അവരൊക്കെ വിട്ടില്‍ പോയിട്ടുണ്ടവും.“
ബി.കോം ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായ ദാസനും പ്രീ ഡിഗ്രിക്കാരന്‍ വിജയനും ഇത് കേട്ട് ഡമ്മി കൊണ്ട് വരണോ എന്നാലോചിച്ചിരിക്കുമ്പോഴാണ് ഞങ്ങള്‍ എല്ലാവരും വന്ന് പിടികൊടുത്തത്. അങ്ങനെ പവനായി ശവമായി.!!!

(പിന്‍ കുറിപ്പ് : അടുത്ത ദിവസം സ്കൂളില്‍ ചെന്നപ്പോള്‍ രക്ഷിതാവിനെ കൊണ്ട് വരാതെ ക്ലാസ്സില്‍ കയറ്റില്ലെന്നയി. ഒടുവില്‍ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. ഇതൊരു പുതിയ കാര്യമല്ലാത്തതിനാല്‍ അധികം വഴക്ക് കേള്‍ക്കേണ്ടി വന്നില്ല. പതിവ് പോലെ കുറെ ഉപദേശങ്ങളുമായ് അതും അവസാനിച്ചു. അങ്ങനെ ക്ലൈമാക്സ് ശുഭം. )

2011, ജൂലൈ 16, ശനിയാഴ്‌ച

ദൈവത്തിന്റെ ചില വിക്ര് തികള്‍

കോയമ്പത്തൂരില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ പങ്കെടുത്തതിന് ശേഷം തിരിച്ച് കോളേജിലേക്ക് പോവുകയാണ് ഞങ്ങള്‍. 6.10 pm  കോയമ്പത്തൂര്‍ - പാലക്കാട് പാസഞ്ചര്‍
ട്രയിന്‍ ആണ് ലക്ഷ്യം. ടിക്കറ്റ് എടുത്ത് ഞങ്ങള്‍ ട്രയിനില്‍ കയറി. ട്ര്യയിന്‍ പോവാന്‍ ഇനിയും സമയം ഉണ്ട്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നവരുടെ തിരക്കാണ്. ഒരു സീറ്റ് പോലും ഇല്ല. ചെറിയ ദൂരത്തേക്ക് മാത്രം സര്‍വീസ് നടത്തുന്ന എമു ട്രയിന്‍ പോലെയായിരുന്നു ഈ പാസഞ്ചര്‍ ട്രയിന്‍. മുംബൈയിലും മറ്റും വ്യാപകമായ ഇത്തരം ട്രയിനുകള്‍ നമ്മുടെ നാട്ടില്‍ കുറവാണ്. ടോയിലറ്റ് പോലുള്ള സൌകര്യങ്ങള്‍ ഇത്തരം ട്രയിനുകളില്‍ ഉണ്ടാവില്ല. മറ്റ് ട്രയിനുകളില്‍ ബോഗിയുടെ രണ്ട് അറ്റത്തും പിന്നെ മധ്യത്തിലുമായി വാതിലുകള്‍ ഉണ്ടാവുമല്ലോ. എന്നാല്‍ ഈ ട്രയിനില്‍ ബോഗിയുടെ മധ്യത്തിലായി വീതി കൂടിയ രണ്ട് വാതിലുകള്‍ ആണ് ഘടിപ്പിച്ചിട്ടുള്ളത്. ബോഗികള്‍ക്കിടയിലൂടെ നടക്കുവാനാവും. ബസ്സുകളില്‍ കാണുന്നത് പോലെ ബാലന്‍സ് ചെയ്ത് നില്‍ക്കാന്‍ മുകളില്‍ പിടിക്കാന്‍ സൌകര്യമുണ്ട്. സാധാരണ ട്രയിനില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സ്ഥലം ഉള്ളതായി തോ‍ന്നും.
ഞങ്ങള്‍ 30ല്‍ അധികം പേരുണ്ടായിരുന്നു. ഞങ്ങള്‍ 8 പേര്‍ വാതിലിനടുത്ത് നിലയുറപ്പിച്ചു. കയ്യിലുണ്ടായിരുന്ന ക്യാമറയിലും മൊബൈലിലുമായ് ഫോട്ടോകള്‍ എടുത്ത് കൊണ്ടിരുന്നു. അപ്പോള്‍ രണ്ട് ചെറിയ പെണ്‍കുട്ടികള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. അഴുക്ക് പുരണ്ട വസ്ത്രങ്ങള്‍. അഞ്ചോ ആറോ വയസ്സ് പ്രായം കാണും. അതിലൊരു പെണ്‍കുട്ടി “അണ്ണാ.. “ എന്നും പറഞ്ഞ് രണ്ട് 50 പൈസ നാണയങ്ങള്‍ ഉള്ള ആ കുഞ്ഞു കൈ എന്റെ നേരെ നീട്ടി.  ട്രയിന്‍ യാത്രകളില്‍ സര്‍വസാധരണമായ കാഴ്ചയാണിത്. ആ ചെറുകണ്ണുകളില്‍ പ്രതീക്ഷയും ദൈന്യതയും ഒരുപോലെ ദ്ര് ശ്യമായിരുന്നു. കുട്ടികളെ കണ്ട എന്റെ സുഹ്രുത്ത് പോക്കറ്റില്‍ നിന്നും 20 രൂപയുടെ നോട്ട് എടുത്തു. ഞാന്‍ അവനെ തടഞ്ഞു. കുട്ടികളെ കൊണ്ട് ഭിക്ഷയെടുപ്പിച്ച് സമ്പാദിക്കുന്ന ഭിക്ഷാടനമാഫിയകളെ കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. ഈ പണം ഒരിക്കലും ഈ കുട്ടുകള്‍ക്ക് കിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു. ഞങ്ങള്‍ അതുവഴി പോവുന്ന കച്ചവടക്കാരനില്‍ നിന്ന് ചായയും വടയും വാങ്ങി നല്‍കി. മടിച്ച് നില്‍ക്കാതെ രണ്ട് പേരും അത് ആര്‍ത്തിയോടെ കഴിച്ചു. ഞാന്‍ അതിനിടയ്ക്ക് പേരും നാടുമൊക്കെ ചോദിച്ചു. അവ്യക്തമായ എന്തൊക്കെയോ കുട്ടികള്‍ പറഞ്ഞു. കൂട്ടത്തില്‍ വലിയ കുട്ടി തന്റെതില്‍ നിന്നും പാതിയെടുത്ത് മറ്റെ കുട്ടിക്കു വെച്ചു കൊടുത്തു. അറിയാതെ എന്റെ കണ്ണില്‍ നനവ് പടരുന്നതായ് എനിക്ക് തോന്നി. ചിലരോക്കെ അപ്പോഴും ഫോട്ടോ എടുത്ത് കൊണ്ടിരിക്കയായിരുന്നു. അത്യന്തം കൌതുകത്തോടെ ഞങ്ങള്‍ ഫോട്ടോ എടുക്കുന്നത് നോക്കി ആ കുട്ടികള്‍ അവിടെ നിന്നു. ഇത് കണ്ടപ്പോള്‍ എന്റെ സുഹ്രുത്ത് ക്യാമറ കാണിച്ച് ഫോട്ടോ എടുക്കണോ എന്നു ചോദിച്ചു.
നിഷ്കളങ്കതയുടെ ഒരു ചെറു ചിരിയായിരുന്നു മറുപടി. അവന്‍ രണ്ട് പേരെയും ചേര്‍ത്ത് നിര്‍ത്തി ക്യാമറ ക്ലിക്ക് ചെയ്തു. സ്ക്രീനില്‍ രണ്ട് പേര്‍ക്കും ഫോട്ടോ കാണിച്ച് കൊടുത്തു. എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ആ കുരുന്നുകളുടെ മുഖത്ത്. വണ്ടി ചൂളം വിളിച്ച് പതിയെ നീങ്ങാന്‍ തുടങ്ങി. രണ്ട് കുട്ടികളും ട്രയിനില്‍ നിന്നിറങ്ങി. ഞാന്‍ വാതിലിനടുത്ത് ചെന്ന് കൈ ഉയര്‍ത്തി വീശി യാത്ര പറഞ്ഞു. രണ്ട് പേരും സന്തോഷത്തോടെ തിരിച്ച് കൈ വീശി. എന്നിട്ട് എങ്ങോട്ടോ ഓടി മറഞ്ഞു.
കഴിഞ്ഞ ദിവസം ആ ട്രിപ്പിന്റെ ഫോട്ടോകള്‍ നോക്കുന്നതിനിടയില്‍ ആ ഫോട്ടോയും എന്റെ കണ്ണില്‍ പതിഞ്ഞു.  ആ കുരുന്നുമുഖങ്ങള്‍ വീണ്ടും മനസ്സിലേക്ക് വന്നു. ഒരുപക്ഷേ അനാഥരായിരിക്കും. അല്ലെങ്കില്‍ ആരെങ്കിലും കാണുമായിരിക്കും. അറിയില്ല., ചിലപ്പോള്‍ അങ്ങനെയാണ് ദൈവത്തിന്റെ ചില വിക്ര് തികള്‍..