2011, ജൂലൈ 17, ഞായറാഴ്‌ച

ഒരു സിനിമ (കാണാന്‍ പോയ) കഥ..!!

ബ്രണ്ണന്‍ സ്കൂള്‍
ഇത് ഒരു സിനിമയുടെ കഥയല്ല. ഒരു സിനിമ കാണാന്‍ പോയ കഥയാണ്. സ്കൂള്‍ ജീവിതത്തിലെ സ്വര്‍ണ്ണനിറമുള്ള താളുകള്‍., അതായിരുന്നു +1, +2 കാലഘട്ടം. വിപ്ലവം സിരകളിലും ഫ്രണ്ട്ഷിപ്പിന്റെ ചൂട് രക്തത്തിലും അലിഞ്ഞ് ചേര്‍ന്ന സമയം. തലശ്ശേരിയിലെ “പുരാതന” സ്കൂളുകളില്‍ ഒന്നായ തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആയിരുന്നു എന്റെ രണ്ട് വര്‍ഷം നീണ്ട ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായ് പ്രവര്‍ത്തിച്ച ബ്രണ്ണന്‍ എന്ന സായിപ്പ് മുന്നോട്ട് വച്ചതാണ് ഈ സ്കൂളും പിന്നെ ബ്രണ്ണന്‍ കോളേജും. എന്നാല്‍ തുടക്കത്തില്‍ ഒരു കുട്ടിക്ക് പോലും SSLC പാസ്സായിപ്പോവാന്‍ ഈ സ്ക്കൂളില്‍ നിന്നായില്ല. പിന്നീട് വന്ന ഒരദ്ധ്യാപകന്റെ ശ്രമഫലമായി പൂജ്യത്തില്‍ നിന്ന് സമ്പൂര്‍ണ്ണ വിജയത്തിലേക്ക് ബ്രണ്ണന്‍ കുതിച്ചു. (മാണിക്യക്കല്ല് എന്ന സിനിമയുടെ പ്രമേയവുമായ് ഇതിനു സാമ്യമുണ്ടെന്ന് തോന്നുന്നു). ജില്ലയിലെ മികച്ച ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഒന്നായത് കൊണ്ട് തന്നെ ബ്രണ്ണനില്‍ ചേര്‍ന്നപ്പോള്‍ വളരെ സന്തോഷം തോന്നി.
+2 യുവജനോത്സവസമയത്ത് നടന്ന ഒരു രസകരമായ അനുഭവമാണ് ഇനി പറയുന്നത്.
ബ്രണ്ണനിലെ ബയോളജി സയന്‍സ് ബാച്ച്. 54 പോക്കിരികളെ കൊണ്ട് സമ്പന്നമായ ബാച്ച്. അതില്‍ വെറും 14 ആണ്‍ തരികള്‍. എണ്ണത്തില്‍ കുറവായത് കൊണ്ട് തന്നെ 14 പേരും ഒരൊറ്റ സംഘം ആയിരുന്നു. എല്ലാ വയ്യാവേലികളിലും കയറി നടക്കുന്ന 14 പേര്‍. വഴിയിലോരു കാര്‍ കണ്ടാല്‍ പോയി തലവെക്കുന്ന ശീലം. അങ്ങനെ യുവജനോത്സവത്തിന്റെ അവസാനദിവസം. വൈകുന്നേരും വരെ സ്കൂളില്‍ എല്ലാവരും ഉണ്ടായിരിക്കണമെന്നത് കര്‍ശനമാണ്. ഇടയ്ക്ക് കുട്ടികള്‍ മുങ്ങാതിരിക്കാന്‍ ഗേറ്റില്‍ എന്‍. സി.സി പിള്ളേര്‍ നില്‍ക്കുന്നാണ്ടാവും. തലശ്ശേരി ഒരു ഫിലിം ഇറങ്ങിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ അത് കണ്ടിരിക്കും. പ്രഭ തിയേറ്ററില്‍ ചോക്ലേറ്റ്സ് ഫിലിം കളിക്കുന്ന സമയം. അന്ന് ഉച്ചക്ക് ശേഷം മുങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ വാളും പരിചയും എടുത്ത് തയ്യാറായപ്പോള്‍ എണ്ണം 14ല്‍ നിന്ന് 11 ആയി കുറഞ്ഞു. എന്നിട്ടും ഞങ്ങള്‍ തളര്‍ന്നില്ല. ഞങ്ങള്‍ സ്കൂളില്‍ വന്നെന്ന് സാറിനെ ബോധിപ്പിക്കാന്‍ സാറിന്റെ മുന്നില്‍ കൂടി രണ്ട് മൂന്ന് പ്രാവശ്യം നടന്നു. അങ്ങനെ ഞങ്ങള്‍ ഹാജരാണെന്ന് സാറിനെ ഞങ്ങള്‍ ബോധിപ്പിച്ചു. ഇനി എങ്ങനെയെങ്കിലും ഗേറ്റ് കടക്കണം. എങ്ങനെ???
ബാഗും എടുത്ത് ഗേറ്റ് വഴി പോവുക അസാധ്യം. ഒടുവില്‍ കൂട്ടത്തില്‍ SFI യുടെ കരുത്തുറ്റ പോരാളിയും ഒളിപ്പോരില്‍ ബിരുദവുമുള്ള ശ്യാം ഒരു വഴി കണ്ടെത്തി. പിന്‍ മതിലില്‍ കൂടി ബാഗ് പുറത്തേക്കിട്ട് ഭക്ഷണം കഴിക്കാന്‍ എന്ന പോലെ പുറത്തേല്ലിറങ്ങുക. ഞങ്ങള്‍ കൈ ഉയര്‍ത്തി ആ വിശ്വാസപ്രമേയം പാസ്സാക്കി. ഞങ്ങളുടെ പ്രതീക്ഷയുടെ കുത്തബ് മിനാര്‍ പെട്ടെന്ന് തന്നെ തകര്‍ന്ന് വീണു. അവിടെയൊക്കെ ടീച്ചര്‍മാര്‍ നില്‍ക്കുന്നു. സമയം ഒരു മണി കഴിഞ്ഞു. 2.30 ആണ് മാറ്റിനി. പിന്നെയൊന്നും ആലോചിച്ചില്ല. അരയിലെ ബെല്‍റ്റ് മുറുക്കി, ഗേറ്റിലേക്ക് നടന്നു. എന്‍. സി. സി പിള്ളേരെ തള്ളിമാറ്റി പുറത്തേക്ക്. പിന്നെ തലശ്ശേരി റെയില്‍ വേ ക്വാര്‍ട്ടേസ് വരെ സവാരി ഗിരി ഗിരി. അവിടെയാണ് ഒരു സംഘാംഗത്തിന്റെ താമസം. അവിടെ വച്ച് യൂണിഫോം മാറി ഞങ്ങള്‍ തീയേറ്ററിലേക്ക് വിട്ടു. ടിക്കറ്റ് എടുത്ത് അകത്ത് കയറി. ഹൌസ് ഫുള്‍ ഷോ. 5 മണി കഴിഞ്ഞപ്പോള്‍ പടം കഴിഞ്ഞു. തീയേറ്ററിന്റെ പുറത്തിറങ്ങിയപ്പോള്‍ കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ ആശ്വാസമായിരുന്നു. ഇനി പതിയെ ബസ്സ് സ്റ്റാന്റില്‍ പോവണം. ബസ്സ് കയറണം. വീട്ടിലെത്തണം. അത്രമാത്രം.
കൂട്ടത്തില്‍ വീട്ടില്‍ എത്താന്‍ തിരക്ക് കൂട്ടിയിരുന്ന കണ്ണന്‍ മുന്നില്‍ നടന്നു. ഞങ്ങള്‍ ബാക്കിയുള്ളവര്‍ സിനിമയുടെ സംഗതികള്‍ ചര്‍ച്ച ചെയ്ത് ഒരു 20 മീറ്റര്‍ പിന്നിലും. ഓവര്‍ സ്പീഡില്‍ പോയ കണ്ണന്‍ വഴിയിലെ ഡെയ്ഞ്ചര്‍ ബോര്‍ഡ് കണ്ടില്ല. ചെന്ന് പെട്ടത് സി. ഐ, ഡി വിജയന്റെയും ദാസന്റെയും മുന്നില്‍. ( രണ്ട് പേരും ഞങ്ങളുടെ അദ്ധ്യാപകരാണ്.) ദൂരെ നിന്നും ഇതുകണ്ട ഞങ്ങള്‍ സഡണ്‍ ബ്രേക്കിട്ടു. കണ്ണനെ രണ്ട് പേരും ചോദ്യം ചെയ്യാന്‍ തുടങ്ങി. ഐകമത്യം മഹാബലം എന്ന പാര്‍ട്ടി സൂക്തം ഞങ്ങള്‍ ഓര്‍ത്തു. പിന്നെയൊന്നും ആലോചിച്ചില്ല. ഒരാള്‍ പിടിക്കപ്പെട്ട സ്ഥിതിക്ക് പിടികൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.ഞങ്ങള്‍ നേരെ സാറിന്റെ മുന്നിലെത്തി പിടികൊടുത്തു. ഞങ്ങളെ കണ്ടപ്പോള്‍ സൊമാലിയന്‍ കൊള്ളക്കാരെ പിടിച്ച സന്തോഷമായിരുന്നു സി.ഐ.ഡി.കളുടെ മുഖത്ത്. നാളെ സ്കൂളില്‍ വന്നിട്ട് പറയാം എന്നും പറഞ്ഞ് രണ്ട് സി.ഐ.ഡി.മാരും അടുത്ത ബസ്സില്‍ കയറിപ്പോയി.
അടുത്ത നിമിഷം 20 കൈകളും 20 കണ്ണുകളും കണ്ണന് നേരെ തിരിഞ്ഞു. കണ്ണന്‍ അപ്പോഴാണ് അവന്‍ നടത്തിയ ബുദ്ധിപരമായ നീക്കത്തെ കുറിച്ച് പറയുന്നത്.
ചെറിയൊരു ഫ്ലാഷ് ബാക്ക്-
സി.ഐ.ഡി.കള്‍ കണ്ണനെ ചോദ്യം ചെയ്യുന്ന രംഗം :
പൊതുവെ അതിബുദ്ധിശാലിയായ കണ്ണന്റെ കുബുദ്ധി സി.ഐ.ഡി.കളെ കണ്ടപ്പോള്‍ തന്നെ വര്‍ക്ക് ചെയ്തിരുന്നു.
കണ്ണന്‍ : “ഗുഡ് ഈവ്നിങ്ങ് സാര്‍ ,:) സാര്‍ എന്താ ഇവിടെ?“

സി.ഐ.ഡി. ദാസന്‍ : “ബാക്കിയുള്ളവര്‍ എവിടെ? നിങ്ങള്‍ ഫിലിം കാണാന്‍ സ്കൂളില്‍ നിന്നും കടന്നുവെന്ന് ഞങ്ങളറിഞ്ഞു.“
കണ്ണന്‍ : “(മുഖത്ത് ആശ്ചര്യവും നിഷ്കളങ്കതയും ഒരു കിലോ വീതം വാരി വിതറി കൊണ്ട്) അതുശെരി, ഞാനും അവര്‍ ഫിലിം കാണാന്‍ ഇറങ്ങിയെന്ന് കേട്ടിട്ട് വന്നതാ. എന്റെ റെക്കോര്‍ഡ് വാങ്ങാന്‍ വേണ്ടി, അവരെയൊന്നും കണ്ടില്ല സാര്‍. ചെ., ഫിലിമിനു വന്നിട്ടുണ്ടാവില്ല അവരൊക്കെ വിട്ടില്‍ പോയിട്ടുണ്ടവും.“
ബി.കോം ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായ ദാസനും പ്രീ ഡിഗ്രിക്കാരന്‍ വിജയനും ഇത് കേട്ട് ഡമ്മി കൊണ്ട് വരണോ എന്നാലോചിച്ചിരിക്കുമ്പോഴാണ് ഞങ്ങള്‍ എല്ലാവരും വന്ന് പിടികൊടുത്തത്. അങ്ങനെ പവനായി ശവമായി.!!!

(പിന്‍ കുറിപ്പ് : അടുത്ത ദിവസം സ്കൂളില്‍ ചെന്നപ്പോള്‍ രക്ഷിതാവിനെ കൊണ്ട് വരാതെ ക്ലാസ്സില്‍ കയറ്റില്ലെന്നയി. ഒടുവില്‍ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. ഇതൊരു പുതിയ കാര്യമല്ലാത്തതിനാല്‍ അധികം വഴക്ക് കേള്‍ക്കേണ്ടി വന്നില്ല. പതിവ് പോലെ കുറെ ഉപദേശങ്ങളുമായ് അതും അവസാനിച്ചു. അങ്ങനെ ക്ലൈമാക്സ് ശുഭം. )

1 പ്രതികരണങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ