2011, ഡിസംബർ 15, വ്യാഴാഴ്‌ച

The First Sip Of Vodka അഥവാ ഒരു ബീവറേജ് വിദ്യാരംഭം

സമയം രാത്രി 12 മണി..
സെമസ്റ്റര്‍ പരീക്ഷകള്‍ നാളെ ആരംഭിക്കുകയാണ്. ആ വെടിക്കെട്ടിന് തിരി കൊളുത്താന്‍ നാളെ Heat and Mass Transfer (ഹീറ്റ് & മാസ്സ് ട്രാന്‍സ്ഫര്‍). സീനിയേഴ്സ് സപ്ലികള്‍ വാരിക്കൂട്ടി റെക്കൊഡുകള്‍ സ്രുഷ്ടിച്ച മെക്കാനിക്കല്‍ എന്‍ ജിനീയറിങ്ങിലെ  മൂത്താപ്പ. അതാണ് ഹീറ്റ് & മാസ്സ് ട്രാന്‍സ്ഫെര്‍..!!
ബീപ്.. ബീപ്..’
മൊബൈലിന്റെ ശബ്ദം കേട്ട് കഥാനായകന്‍ കണ്ണുകള്‍ തുറന്നു. 1198 പേജുള്ള ടെക്സ്റ്റ് ബുക്കില്‍ നിന്നും തലയുയര്‍ത്തി ചുറ്റും നോക്കി. സഹമുറിയന്മാര്‍ ഒക്കെ ബുക്ക് തലയിണയാക്കി ഉറക്കത്തില്‍ തന്നെ. മൊബൈല്‍ എടുത്ത് നോക്കി.
1 മെസ്സേജ് റിസീവ്ഡ്
അവന്‍ മെസ്സേജ് തുറന്നു.
സെന്റെര്‍ : മായ
കമ്പ്യൂട്ടര്‍ സയന്‍സിലെ മൊഞ്ചത്തി. എന്താണാവോ എന്തോ..? നിശബ്ദകാമുകന്റെ ഹ്രുദയത്തില്‍ ഒരു വേലിയേറ്റം. ആവേശത്തോടെ അവന്‍ മെസ്സേജ് വായിച്ചു.
“Hey..,
dis is sumthing serious. I know dat U love me. Not as a friend bt more dan dat. and i just wanted to tell U dat I don't have any feelings for U. So plz don't disturb me.. ok..
Bye.
(ചുരുക്കി പറഞ്ഞാല്‍ ഗോപി..!!! അഥവാ അടുത്ത വേണുനാഗവള്ളി.)
വായിച്ച് കഴിഞ്ഞതും കണ്ണുകള്‍ നിറയുന്നത് അവനറിഞ്ഞു. കണ്ണുനീര്‍ തുള്ളികള്‍ കവിളിലൂടെ ഒഴുകിയിറങ്ങി. 4 ദിവസം കൊണ്ട് തലച്ചോറിലെ മെഡുല്ല ഒബ്ലാംഗേറ്റയില്‍ കയറ്റിവച്ച എല്ലാ ഉത്തരങ്ങളും ഡെറിവേഷനുകളും അതിന്റെ കൂടെ ഒഴുകിയിറങ്ങി. ഇപ്രാവശ്യവും സപ്ലി എന്ന് ആ കണ്ണുനീര്‍ തുള്ളികള്‍ അവനെ ഓര്‍മിപ്പിച്ചു. അവന്‍ കണ്ണുകളടച്ചു. അവളുടെ ചിരിക്കുന്ന മുഖം. പരീക്ഷയുടെ തലേദിവസം തന്നെ ക്രുത്യമായ് മെസ്സേജ് അയച്ചിരിക്കുന്നു. ദേഷ്യവും സങ്കടവും കണ്ണിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരുന്നു.
ഇനിയെന്ത് ചെയ്യും..? അവന്‍ ആലോചിച്ച് കൊണ്ടിരുന്നു.
അപ്പോഴാണ് കോടിക്കണക്കിന് നിരാശകാമുകന്മാരുടെ ആശ്രയമായ ആ അത്ബുദവസ്തുവിന്റെ കാര്യം അവന് ഓര്‍മ്മ വന്നത്.
അവന്‍ നേരെ കട്ടിലിനടിയിലുള്ള ബാഗ് എടുത്ത് തപ്പിനോക്കി. അതാ ഇരിക്കുന്നു..
വോഡ്ക (Absolut Vodka)
മദ്യവിമുക്തമായ ഒരു കിനാശ്ശേരി അതായിരുന്നു അവന്റെ സ്വപ്നം. ആ സ്വപ്നവും തകര്‍ന്നു. 
അവന്‍ പതിയെ ബോട്ടിലില്‍ ഉമ്മ വെച്ചു. ബോട്ടില്‍ അവനെയും ഉമ്മ വെച്ചു.
ദ ഫസ്റ്റ് സിപ് ഓഫ് വോഡ്ക “  ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും  അവന്‍ പറഞ്ഞുകൊണ്ടിരുന്നു..
"The First Sip Of VODKA."

മരണാനന്തരം

ഈറനണിഞ്ഞ കണ്ണുകളുയര്‍ത്തി ഒരുനോക്ക് അവള്‍ കണ്ടു. വെളുത്ത പഞ്ഞികൊണ്ട് പൊതിഞ്ഞിരിക്കുന്ന രൂപം. മരണത്തിന്റെ രൂക്ഷഗന്ധം മൂക്കില്‍ ഇരച്ച് കയറുകയാണോ എന്നവള്‍ ഭയപ്പെട്ടു. പ്രണയത്തിന്റെ ഓളപ്പരപ്പില്‍ ഇനി താന്‍ ഒറ്റയ്ക്കാണെന്ന് അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. വിധിയുടെ ഇരമ്പലില്‍ സനാഥത്വം വലിച്ചെറിയപ്പെട്ടൊരു പെണ്‍കുട്ടി. ദൈവത്തിന്റെ ചില വിക്രുതികള്‍ അങ്ങനെയാണ്. അവളുടെ കാലുകള്‍ കുഴഞ്ഞു. കണ്ണുകളിലേക്ക് ഇരുട്ട് കയറുന്നത് അവളറിഞ്ഞു.
“ മായ രാജീവ്.. മായ രാജീവ് “
ഒരു പറ്റം കടലാസ് തുണ്ടുകളുമായ് ഒരു നഴ്സ് അവളുടെ അടുത്തേക്ക് വന്നു.
“ ബില്ല് സെറ്റില്‍ ചെയ്യണം., എന്നിട്ട് ബോഡി കൊണ്ട് പോവാം.”
ബില്ലുമായ് അവള്‍ കൌണ്ടറിനടുത്തേക്ക് നടന്നു. ഒരു മനുഷ്യജീവന്റെ വിലയായ് കുറച്ച് കടലാസ് തുണ്ടുകള്‍.
ഇനിയെന്ത് ചെയ്യണം? ആരോട് പറയണം?
മരണത്തിനും മായ്ക്കാന്‍ പറ്റാത്ത മുറിവുകള്‍ ഉണ്ടെന്ന് അവള്‍ക്ക് തോന്നി. അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് പ്രണയത്തിന്റെ ലോകത്തില്‍ അവര്‍ രണ്ടുപേരും മാത്രമായിരുന്നു ഇത്രയും കാലം. ഒടുവില്‍ രാത്രിയുടെ നിശബ്ദതയില്‍ ചീറിപ്പാഞ്ഞു വന്നൊരു ലോറി അവളെ അവിടെ തനിച്ചാക്കി.
തണുത്ത കാറ്റ് വന്ന് അവളുടെ ശരീരത്തെ മൂടി. ഞരമ്പിനുള്ളിലെക്കും അത് പടര്‍ന്നു. രക്തം മരവിച്ച് തുടങ്ങിയിരിക്കുന്നു. നോക്കിനില്‍ക്കേ പഞ്ഞിക്കെട്ടിലേക്ക് തീ പടര്‍ന്നു.അവളുടെ ദേഹവും എരിയുകയായിരുന്നു. അവസാനം ഒരുപിടി ചാരമവശേഷിപ്പിച്ച് ഇരുട്ടിന്റെ മറവിലേക്ക് തീക്കനലുകളും ഒളിച്ചിരുന്നു.
അവള്‍ അതിനടുത്തേക്ക് നടന്നു. ഇനി ഈ ലോകത്ത് തനിച്ചാണെന്ന് ആരോ പറയുന്നത് പോലെ അവള്‍ക്ക് തോന്നി. അവളുടെ കണ്ണുകള്‍ നിറഞ്ഞു. ആകാശം കറുത്തിരുണ്ടു. മഴത്തുള്ളികള്‍ ഭൂമിയിലേക്ക് പതിച്ച് കൊണ്ടിരുന്നു. ഓരോ മഴത്തുള്ളിയും മുള്ളുകള്‍ പോലെ അവളുടെ ശരീരത്തില്‍ തറിച്ച് കയറി. അവളുടെ കണ്ണുനീര്‍ത്തിള്ളികള്‍ പോലും ആ മഴയില്‍ അലിഞ്ഞില്ലാതായി.
മഴയും തന്നെ നോവിക്കുന്നതായ് അവള്‍ക്ക് തോന്നി. ഒടുവില്‍ ആ മഴയില്‍ അവളും അലിഞ്ഞില്ലാതായി.
പ്രണയത്തിന്റെ പനിനീര്‍പ്പൂവിലേക്ക് വീണ്ടും ഒരു നനവ് പടര്‍ന്നു..