2011, ജൂലൈ 16, ശനിയാഴ്‌ച

ദൈവത്തിന്റെ ചില വിക്ര് തികള്‍

കോയമ്പത്തൂരില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ പങ്കെടുത്തതിന് ശേഷം തിരിച്ച് കോളേജിലേക്ക് പോവുകയാണ് ഞങ്ങള്‍. 6.10 pm  കോയമ്പത്തൂര്‍ - പാലക്കാട് പാസഞ്ചര്‍
ട്രയിന്‍ ആണ് ലക്ഷ്യം. ടിക്കറ്റ് എടുത്ത് ഞങ്ങള്‍ ട്രയിനില്‍ കയറി. ട്ര്യയിന്‍ പോവാന്‍ ഇനിയും സമയം ഉണ്ട്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നവരുടെ തിരക്കാണ്. ഒരു സീറ്റ് പോലും ഇല്ല. ചെറിയ ദൂരത്തേക്ക് മാത്രം സര്‍വീസ് നടത്തുന്ന എമു ട്രയിന്‍ പോലെയായിരുന്നു ഈ പാസഞ്ചര്‍ ട്രയിന്‍. മുംബൈയിലും മറ്റും വ്യാപകമായ ഇത്തരം ട്രയിനുകള്‍ നമ്മുടെ നാട്ടില്‍ കുറവാണ്. ടോയിലറ്റ് പോലുള്ള സൌകര്യങ്ങള്‍ ഇത്തരം ട്രയിനുകളില്‍ ഉണ്ടാവില്ല. മറ്റ് ട്രയിനുകളില്‍ ബോഗിയുടെ രണ്ട് അറ്റത്തും പിന്നെ മധ്യത്തിലുമായി വാതിലുകള്‍ ഉണ്ടാവുമല്ലോ. എന്നാല്‍ ഈ ട്രയിനില്‍ ബോഗിയുടെ മധ്യത്തിലായി വീതി കൂടിയ രണ്ട് വാതിലുകള്‍ ആണ് ഘടിപ്പിച്ചിട്ടുള്ളത്. ബോഗികള്‍ക്കിടയിലൂടെ നടക്കുവാനാവും. ബസ്സുകളില്‍ കാണുന്നത് പോലെ ബാലന്‍സ് ചെയ്ത് നില്‍ക്കാന്‍ മുകളില്‍ പിടിക്കാന്‍ സൌകര്യമുണ്ട്. സാധാരണ ട്രയിനില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സ്ഥലം ഉള്ളതായി തോ‍ന്നും.
ഞങ്ങള്‍ 30ല്‍ അധികം പേരുണ്ടായിരുന്നു. ഞങ്ങള്‍ 8 പേര്‍ വാതിലിനടുത്ത് നിലയുറപ്പിച്ചു. കയ്യിലുണ്ടായിരുന്ന ക്യാമറയിലും മൊബൈലിലുമായ് ഫോട്ടോകള്‍ എടുത്ത് കൊണ്ടിരുന്നു. അപ്പോള്‍ രണ്ട് ചെറിയ പെണ്‍കുട്ടികള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. അഴുക്ക് പുരണ്ട വസ്ത്രങ്ങള്‍. അഞ്ചോ ആറോ വയസ്സ് പ്രായം കാണും. അതിലൊരു പെണ്‍കുട്ടി “അണ്ണാ.. “ എന്നും പറഞ്ഞ് രണ്ട് 50 പൈസ നാണയങ്ങള്‍ ഉള്ള ആ കുഞ്ഞു കൈ എന്റെ നേരെ നീട്ടി.  ട്രയിന്‍ യാത്രകളില്‍ സര്‍വസാധരണമായ കാഴ്ചയാണിത്. ആ ചെറുകണ്ണുകളില്‍ പ്രതീക്ഷയും ദൈന്യതയും ഒരുപോലെ ദ്ര് ശ്യമായിരുന്നു. കുട്ടികളെ കണ്ട എന്റെ സുഹ്രുത്ത് പോക്കറ്റില്‍ നിന്നും 20 രൂപയുടെ നോട്ട് എടുത്തു. ഞാന്‍ അവനെ തടഞ്ഞു. കുട്ടികളെ കൊണ്ട് ഭിക്ഷയെടുപ്പിച്ച് സമ്പാദിക്കുന്ന ഭിക്ഷാടനമാഫിയകളെ കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. ഈ പണം ഒരിക്കലും ഈ കുട്ടുകള്‍ക്ക് കിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു. ഞങ്ങള്‍ അതുവഴി പോവുന്ന കച്ചവടക്കാരനില്‍ നിന്ന് ചായയും വടയും വാങ്ങി നല്‍കി. മടിച്ച് നില്‍ക്കാതെ രണ്ട് പേരും അത് ആര്‍ത്തിയോടെ കഴിച്ചു. ഞാന്‍ അതിനിടയ്ക്ക് പേരും നാടുമൊക്കെ ചോദിച്ചു. അവ്യക്തമായ എന്തൊക്കെയോ കുട്ടികള്‍ പറഞ്ഞു. കൂട്ടത്തില്‍ വലിയ കുട്ടി തന്റെതില്‍ നിന്നും പാതിയെടുത്ത് മറ്റെ കുട്ടിക്കു വെച്ചു കൊടുത്തു. അറിയാതെ എന്റെ കണ്ണില്‍ നനവ് പടരുന്നതായ് എനിക്ക് തോന്നി. ചിലരോക്കെ അപ്പോഴും ഫോട്ടോ എടുത്ത് കൊണ്ടിരിക്കയായിരുന്നു. അത്യന്തം കൌതുകത്തോടെ ഞങ്ങള്‍ ഫോട്ടോ എടുക്കുന്നത് നോക്കി ആ കുട്ടികള്‍ അവിടെ നിന്നു. ഇത് കണ്ടപ്പോള്‍ എന്റെ സുഹ്രുത്ത് ക്യാമറ കാണിച്ച് ഫോട്ടോ എടുക്കണോ എന്നു ചോദിച്ചു.
നിഷ്കളങ്കതയുടെ ഒരു ചെറു ചിരിയായിരുന്നു മറുപടി. അവന്‍ രണ്ട് പേരെയും ചേര്‍ത്ത് നിര്‍ത്തി ക്യാമറ ക്ലിക്ക് ചെയ്തു. സ്ക്രീനില്‍ രണ്ട് പേര്‍ക്കും ഫോട്ടോ കാണിച്ച് കൊടുത്തു. എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ആ കുരുന്നുകളുടെ മുഖത്ത്. വണ്ടി ചൂളം വിളിച്ച് പതിയെ നീങ്ങാന്‍ തുടങ്ങി. രണ്ട് കുട്ടികളും ട്രയിനില്‍ നിന്നിറങ്ങി. ഞാന്‍ വാതിലിനടുത്ത് ചെന്ന് കൈ ഉയര്‍ത്തി വീശി യാത്ര പറഞ്ഞു. രണ്ട് പേരും സന്തോഷത്തോടെ തിരിച്ച് കൈ വീശി. എന്നിട്ട് എങ്ങോട്ടോ ഓടി മറഞ്ഞു.
കഴിഞ്ഞ ദിവസം ആ ട്രിപ്പിന്റെ ഫോട്ടോകള്‍ നോക്കുന്നതിനിടയില്‍ ആ ഫോട്ടോയും എന്റെ കണ്ണില്‍ പതിഞ്ഞു.  ആ കുരുന്നുമുഖങ്ങള്‍ വീണ്ടും മനസ്സിലേക്ക് വന്നു. ഒരുപക്ഷേ അനാഥരായിരിക്കും. അല്ലെങ്കില്‍ ആരെങ്കിലും കാണുമായിരിക്കും. അറിയില്ല., ചിലപ്പോള്‍ അങ്ങനെയാണ് ദൈവത്തിന്റെ ചില വിക്ര് തികള്‍..


1 പ്രതികരണങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ