2011, ജൂൺ 3, വെള്ളിയാഴ്‌ച

വീണ്ടും ഒരു മഴക്കാലം . . .

മഴ... എനിക്കിഷ്ടമാണ് മഴ. മേടച്ചൂടിന് വിരാമമായി ഇന്നലെ മഴയെത്തി. വീടിന്റെ ഉമ്മറത്തിരുന്ന് പുസ്തകം വായിക്കുകയായിരുന്നു ഞാന്‍. തണുത്ത ഒരു കാറ്റ് വന്നു താളുകള്‍ മറിച്ചു. ഇന്നത്തേക്ക് ഇത്ര വായിച്ചാല്‍ മതിയെന്ന ഭാവമായിരുന്നു കാറ്റിന്. ഞാന്‍ പുസ്തകം അടച്ച് വെച്ച് മുറ്റത്തേക്ക് ഇറങ്ങി. മഴത്തുള്ളികള്‍ പതിയെ മണ്ണിലേക്ക് പതിഞ്ഞു തുടങ്ങിയിരിക്കുന്നു. ഞാന്‍ കൈ നീട്ടി കുറച്ച് മഴത്തുള്ളികള്‍ കൈക്കുള്ളിലാക്കി. അപ്പോഴതാ വീണ്ടും കാറ്റ്. അകത്ത് നിന്നു അമ്മയുടെ ശബ്ദം. മഴ നനഞ്ഞ് പനി പിടിച്ച് കിടക്കാനാണോന്ന് ചോദ്യവും. എന്തോ., ഒന്നും ഞാന്‍ ശ്രദ്ധിച്ചില്ല. മനസ്സ് മുഴുവന്‍ കുട്ടിക്കാലത്ത് മതിമറന്ന് ആഘോഷിച്ച മഴക്കാലങ്ങളുടെ ചിത്രങ്ങളായിരുന്നു. ഞാന്‍ കുടയെടുത്ത് പുറത്തേക്കിറങ്ങി. മഴ ചെറുതായ് പൊടിയുന്നു. ഞാന്‍ കുട നിവര്‍ത്തി നടക്കുകയാണ്. മഴത്തുള്ളികള്‍ കുടയില്‍ വന്ന് വീഴുന്നതിനും ഒരു താളമുണ്ട്.
ഇരുവശത്തും വയലുകളാണ്. നേര്‍ത്ത വരമ്പിലൂടെ ഞാന്‍ നടന്നു. പാടങ്ങള്‍ നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയരുന്ന കാലം. എന്നാല്‍ ഈ വയലുകള്‍ക്ക് ഇന്നും അത് തീണ്ടാപ്പാട് അകലെയാണ്. എല്ലാ മഴക്കാലത്തും ഈ വരമ്പിലൂടെ ഞാന്‍ പോവറുണ്ട്. എന്നാല്‍ ഇത്തവണ അതിനു ഒരു പ്രത്യേകതയുണ്ട്. വേനല്‍ക്കലത്ത് കെട്ടിയ ഫുട്ബോള്‍ പോസ്റ്റിന്റെ വലയില്‍ നിന്നും മഴത്തുള്ളികള്‍ ഇറ്റ് വീഴുന്നു. വയല്‍ വരമ്പത്ത് കണ്ട വെള്ളംതുള്ളിച്ചെടി ഞാന്‍ പൊട്ടിച്ചെടുത്തു. സ്ലേറ്റ് മയക്കാന്‍ ഇതും എടുത്ത് സ്കൂളില്‍ പോവുന്നത് ഇന്നും ഒര്‍മയുണ്ട്. വര്‍ഷങ്ങള്‍ പലതും കഴിഞ്ഞിരിക്കുന്നു. ഒര്‍മകള്‍ക്ക് പ്രായമാവാറില്ല. ഇന്നും അതു ശൈശവത്തിലാണ്. മഷിത്തണ്ട് പൊട്ടിച്ച് തൊടിയില്‍ ഓടിനടന്നിരുന്ന കാലം നഷ്ടമായെന്നു സമ്മതിച്ച് കൊടുക്കാന്‍ ഇന്നും മനസ്സിനു സാധിക്കുന്നില്ല. നടന്ന് ഞാന്‍ ക്ഷേത്രനടയില്‍ എത്തി.
മഴ തോര്‍ന്നിരിക്കുന്നു. ഞാന്‍ കുട മടക്കി ആല്‍ത്തറയില്‍ വെച്ചു. വഴിയിലാകെ വെള്ളം നിറഞ്ഞിരിക്കുന്നു. ചില്ലയില്‍ നിന്നു വീഴുന്ന മഴതുള്ളിയെ മണ്ണില്‍ ചേരാന്‍ ഞാന്‍ അനുവദിചില്ല. ഇതെന്തിനാ താഴേക്ക് വന്ന് മണ്ണില്‍ വീണു മരിക്കുന്നത്. ഇതിനു തിരിച്ചു പോയിക്കൂടെ, അങ്ങ് ആകാശത്തേക്ക്. ഭൂമിയുടെ ഗുരുത്വാകര്‍ഷണം എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്നത് അഞ്ചാം ക്ലാസ്സിലെ ശാസ്ത്രത്തില്‍ സരസ്വതി ടീച്ചര്‍ പറഞ്ഞതോര്‍ത്തു. കോളേജില്‍ എത്തിയപ്പോഴും എല്ലാം തന്നിലേക്ക് ചേര്‍ക്കാനുള്ള ഭൂമിയുടെ ആഗ്രത്തോട് യോജിക്കുവാന്‍ എനിക്ക് സാധിച്ചില്ല. പലതും ആലോചിച്ച് സമയം പോയി. അപ്പോഴാണ് പിറകില്‍ നിന്നൊരു ശബ്ദം.
“ ഈ ലോകത്തൊന്നും അല്ലേ..?”
അച്ചു. കുട്ടിക്കാലം തൊട്ട് ഞങ്ങള്‍ ഒരുമിച്ചയിരുന്നു. കാലാം കൊഴിഞ്ഞ് വീഴുമ്പോഴും അവളുടെ വിരല്‍ത്തുമ്പുകള്‍ എന്റെ കരങ്ങളില്‍ ഭദ്രമായിരുന്നു.
“ബാലന്‍സ് ഇല്ലാര്‍ന്നു. ഫ്രീ മെസ്സെജ് ഓഫര്‍ ആണെങ്കില്‍ കഴിഞ്ഞു, അതാ വിളിക്കഞ്ഞത്.”
അവള്‍ പറയുന്നതൊന്നും ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മൊബൈല്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ രണ്ട് ദ്രുവത്തില്‍ ആയിപ്പോയേനെ. കമിതാക്കള്‍ക്ക് വേണ്ടി ശാസ്ത്രത്തിന്റെ സമ്മാനം. മനുഷ്യന്‍ ചൊവ്വയിലേക്കു പോവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും ഞങ്ങള്‍ ഇപ്പോഴും പൈങ്കിളി പ്രണയത്തില്‍ ആണെന്ന് തോന്നുന്നു. ഞാന്‍ പറഞ്ഞതിനു അവള്‍ മറുപടിയെന്നോണം ചിരിക്കുക മാത്രം ചെയ്തു.
“മിസ്ഡ് കോളി“ല്‍ തുടങ്ങി “സ്വിച്ച് ഓഫി“ല്‍ തീരുന്ന പ്രണയത്തിന്റെ കാലം. എപ്പോഴവളെ പ്രണയിച്ച് തുടങ്ങിയെന്നു അറിയില്ല. എന്റെ ഹ്രുദയമിടിപ്പിന്റെ വ്യത്യാസം അവള്‍ അറിഞ്ഞതെന്നണെന്നും അറിയില്ല. കോളേജ് വിശേഷങ്ങള്‍ പറഞ്ഞ് സമയം ഒരുപാട് നീങ്ങി. വെയിലേറിയിരിക്കുന്നു. “എത്ര പെട്ടെന്നാ ആ മഴക്കാറ് പോയതല്ലേ” നെറ്റിയിലെ ചന്ദനക്കുറിയിലൂടെ ഒഴുകിയ വിയര്‍പ്പ് തുള്ളിയെ കൈകൊണ്ട് തെറിപ്പിക്കുന്നതിനിടെ അവള്‍ പറഞ്ഞു.
എന്തൊക്കെയോ പറയാന്‍ ബാക്കിവെച്ച് അവള്‍ നടന്നു. വഴിമറയും മുന്‍പ് അവള്‍ തിരിഞ്ഞുനോക്കി. അപ്പോള്‍ ആ കണ്ണികളിലെന്തായിരുന്നു. പ്രണയത്തിന്റെ ആര്‍ദ്രതയാല്‍ അത് നനഞ്ഞിരുന്നു. അവള്‍ നടന്നകലുന്നതും നോക്കി ഞാന്‍ ഇരുന്നു.
അതാ.., വീണ്ടും മഴ. അതെ അവളുടെ പ്രണയം എന്നിലേക്ക് അലിഞ്ഞിറങ്ങുകയായ്. ഒരു നേര്‍ത്ത മഴയായ്. ഞങ്ങളുടെ പ്രണയത്തില്‍ മഴ എന്നും ഉണ്ടായിരുന്നു. ഇന്ന് അതിന്റെ വേഷം വിരഹമാണ്. ഞാന്‍ പ്രണയിച്ച് പോവുകയാണ്... ഈ മഴയെയും..

2 പ്രതികരണങ്ങള്‍:

നിരീക്ഷകന്‍ പറഞ്ഞു... മറുപടി

മഴയും പ്രണയവും

രണ്ടും മനസ്സില്‍ നിറയ്ക്കുന്നത്

ഒരിക്കലും പറഞ്ഞു തീര്‍ക്കാനാവാത്ത

വികാരം

എഴുത്ത് ഇനിയും നന്നാക്കാനുണ്ട് ആശംസകള്‍ ..........

ദീപ എന്ന ആതിര പറഞ്ഞു... മറുപടി

“മിസ്ഡ് കോളി“ല്‍ തുടങ്ങി “സ്വിച്ച് ഓഫി“ല്‍ തീരുന്ന പ്രണയത്തിന്റെ കാലം.

exactly

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ